സങ്കീർണ്ണമായ ഒരു ജീവിതസന്ദർഭത്തെ ലളിതസുഭഗമായ ആഖ്യാനത്തിലൂടെ മനോഹരമാക്കിയ ചലച്ചിത്രാനുഭവമാണ് പുതിയ മലയാളസിനിമയായ 'ഇത്തിരിനേരം'.സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് , തിരക്കഥാകൃത്ത് വിശാഖ് ശക്തി എന്നിവരുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
കേരള കലാമണ്ഡലത്തിന്റെ ഇക്കൊല്ലത്തെ എം .കെ .കെ നായർ അവാർഡ് നേടിയ എം .ഡി . സുരേഷ് ബാബുവുമായി സംഭാഷണം. കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറിയായ സുരേഷ് ബാബു കഥകളി സംഘാടനത്തിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും, കഥകളിയരങ്ങിലുണ്ടായിട്ടുള്ള പുരോഗതികളെക്കുറിച്ചും കാണികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനയെക്കുറിച്ചും സംസാരിക്കുന്നു.
ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത് ?ബീഹാറിലെ സ്ത്രീകളുടെ 'മര്യാദാപുരുഷോത്തമ'നായി നിതീഷ് കുമാർ മാറുന്നുവോ ?എന്തുകൊണ്ട് 'വോട്ടുകൊള്ള' ആരോപണം ബീഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയായില്ല ?ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർട്ടിയായി RJD മാറുമ്പോഴും എന്തേ ഈ ഭീമൻ പരാജയം ഇന്ത്യാസഖ്യത്തിനുണ്ടായി ?ബീഹാറിലെ മുസ്ലിങ്ങൾ ആർക്കാണ് വോട്ടുചെയ്തത് ?ബീഹാറിലെ ഇടതുപക്ഷരാഷ്ട്രീയത്തിൻ്റെ ഭാവി ?ജയിച്ചത് നിതീഷ് പ്രഭാവമോ ? നിതീഷ് -മോദി പ്രഭാവമോ ? ബീഹാർ സമൂഹത്തേയും രാഷ്ട്രീയത്തേയും ആധികാരികമായി അവലോകനം ചെയ്യുന്ന ഒരു സംഭാഷണമാണ് പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ സംസാരിക്കുന്നു
പെണ്ണുങ്ങളുടെ രാമായണത്തിൽ ഏറ്റവും പ്രധാനം ബാലകാണ്ഡവും ഉത്തരരാമായണവുമാണ്.യുദ്ധകാണ്ഡമോ, സുന്ദരകാണ്ഡമോ, ആരണ്യകാണ്ഡമോ അതിൽ പ്രാധാന്യത്തോടെ വരാറില്ല.ചന്ദ്രബതീരാമായണത്തിൽ രാമനെ ശിലാഹൃദയനെന്നും പാപിയെന്നും വിളിയ്ക്കുന്നുണ്ട് . രാമൻ മാനസികനില തെറ്റിപ്പോയ ഭീരുവാണെന്നും ചന്ദ്രബതിയുടെ രാമായണത്തിൽ പറയുന്നു.വിവർത്തക പറയുന്നത് കുമാരനാശാൻ കൽക്കത്തയിലുണ്ടായിരുന്ന സമയത്ത് ചന്ദ്രബതീരാമായണത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകാമെന്നാണ്.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിഭാഷയിലുണ്ടായ ഈ പെൺരാമായണം മൂലഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത ഗീതാഞ്ജലി കൃഷ്ണനുമായുള്ള ഒരു സംഭാഷണമാണ് ഇത് .
ആകാശത്തിലെ മാരകനദികൾ എന്തുകൊണ്ട് ചെറിയ സമയ മഴകളിൽ അതിഭീമവെള്ളം പെയ്തിറങ്ങുന്നു ?അദൃശ്യങ്ങളായ വൻ നദികൾ ആകാശത്ത് രൂപം കൊണ്ടിരിക്കുകയാണ് ഈർപ്പത്തിന്റെ ഈ മഹാശേഖരങ്ങളാണ് അവിചാരിതമായ മഹാമാരികൾ പെയ്യിക്കുന്നത്.പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .വാഷിംഗ്‌ടൺ പോസ്റ്റിൽ നവംബർ ഏഴാം തീയതി പ്രസിദ്ധീകരിച്ച The Deadly Rivers in the Sky എന്ന പഠനറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് .
ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ അസാധാരണരും പുതിയ വഴി വെട്ടിയവരും ധീരരുമായിരുന്ന പത്രപ്രവർത്തകരുടെ സംഭവനകളെക്കുറിച്ച് പി . രാംകുമാർ എഴുതിയ ന്യൂസ് റൂമിലെ ഏകാകികൾ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ്
ടി .എൻ . ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു.അംബേദ്‌കർ പറഞ്ഞിട്ടുണ്ട് , ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കരുതെന്ന്.ഗ്യാനേഷ് കുമാർ പ്രതീക്ഷിക്കുന്നതാകട്ടെ ഭക്തിയും !എന്തുകൊണ്ട് മൂന്നാം മോദി സർക്കാരിന്റെ തിരക്കഥ പാളിപ്പോകുന്നു ?ടി .എൻ . ശേഷന്റെ സ്വാതന്ത്ര്യനിർണ്ണയം എന്തുകൊണ്ട് ആ സ്ഥാപനത്തിന് നിലനിർത്താൻ കഴിഞ്ഞില്ല ?
ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് .' എന്നും എപ്പോഴും മോഹൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ജീവിതപരിസരങ്ങളേക്കാൾ ഉയരമുള്ളയാളായിരുന്നു. ഹൃസ്വകാലത്തേക്ക് നോക്കിജീവിക്കാനല്ല ജീവിതം അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഹൃസ്വചക്രവാളങ്ങൾക്കപ്പുറത്തേക്ക് നോക്കിജീവിക്കാനാണ് 'പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
പ്രൊഫ : എം . കെ . സാനുവിനുള്ള ആദരപോഡ്‌കാസ്റ്റാണിത് .1976 ൽ അദ്ദേഹമെഴുതിയ 'നാരായണഗുരുസ്വാമി' എന്ന ജീവചരിത്രഗ്രന്ഥത്തിലെ പത്താമദ്ധ്യായമായ 'സന്ദേഹത്ൻ്റെ രശ്മികൾ ' പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് .മലയാളഭാഷയും മലയാളിസമൂഹവും എന്നും കടപ്പെട്ടിരിക്കുന്ന സാനുമാഷിന് ആദരാഞ്ജലി .
എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ?എഴുത്തുകാരി സാറാ ജോസഫ് സംസാരിക്കുന്നു.കാരുണ്യത്താൽ എന്നും സ്ത്രീപക്ഷത്ത്.എന്നും സ്വയം നവീകരിച്ചു.ആജീവനാന്ത റിബൽ.സൂര്യനെല്ലി , ഐസ് ക്രീം പാർലർ , വിതുര, കിളിരൂർ സ്ത്രീപീഡനകേസുകളുടെ വെളിച്ചത്തിൽ ,നിരവധി പരിസ്ഥിതിസമരങ്ങൾ, മിച്ചഭൂമിയ്ക്കായുള്ള സമരങ്ങൾ, ഒരിക്കലും പാർട്ടിയെ ഉപേക്ഷിക്കാത്ത ഉൾപാർട്ടി സമരങ്ങൾ, എന്നും പാവപ്പെട്ടവർക്കൊപ്പം...നിരവധി അനുഭവങ്ങളുടെ വെളിച്ചത്തിൽ സാറാ ജോസഫ് അസാധാരണനായ കമ്മ്യൂണിസ്റ്റുകാരൻ വി .എസ് . അച്യുതാനന്ദനെ അനുസ്മരിക്കുന്നു.
'ലോകചരിത്രത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇസ്രയേലിനെതിരേ മിണ്ടാതിരിക്കുകയും ചെയ്യുന്ന പാണ്ഡിത്യം അപലപനീയമാണ്. ഗസയിലെ കൂട്ടക്കൊലയ്ക്കുശേഷം ലോകത്തിലെ സർവകലാശാലകളിൽ ഇതുവരെ നടന്നതുപോലെയുള്ള GENOCIDE പഠനവും ഗവേഷണവും അസാദ്ധ്യമാകും.'Holocaust and Genocide ചരിത്രപണ്ഡിതനും , ഇസ്രയേലി-അമേരിക്കൻ ചരിത്രകാരനും ജൂതനുമായ പ്രൊഫസ്സർ Omer Bartov ജൂലായ് പതിനഞ്ചാം തീയതിയിലെ ന്യൂ യോർക്ക് ടൈംസിൽ എഴുതിയ ആധികാരികലേഖനത്തിന്റെ മലയാളപരിഭാഷയാണ് പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ' ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും 'സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
ദുൽകർ സൽമാൻ എം .കെ . ത്യാഗരാജഭാഗവതരായി അഭിനയിക്കുന്ന 'കാന്ത' എന്ന തമിഴ് സിനിമയുടെ റിലീസ് അടുത്തുവരികയാണ്.ഇന്നു രാവിലെ ഡൽഹിയിലെ മഴയിൽ വഴിനടക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ ഫോണിൽ നിന്നും 'മന്മഥലീലയെ വെണ്ട്റാർ ഉണ്ടോ' എന്ന ഗാനം കേൾക്കാനിടയായ സുഖവിസ്മയത്തിൽ നിന്നാണ് എം .കെ . ത്യാഗരാജഭാഗവതരെക്കുറിച്ചുള്ള ഈ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഉണ്ടായത് .ആ ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ചരിത്രകാരൻ എം ജി എസ് നാരായണൻ 1993 ൽ എഴുതിയ ലേഖനമാണ് 'ശ്രീനാരായണന്റെ ചരിത്രദൗത്യം'. സ്വതന്ത്രവും തികച്ചും മൗലികവുമായ നിരീക്ഷണങ്ങളാൽ പ്രസക്തമായ ഈ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് ദില്ലി -ദാലി പുതുതായി ആരംഭിക്കുന്ന Readings from History പരമ്പരയിൽ .നാരായണഗുരുവിന്റേയും എം ജി എസ് നാരായണന്റെയും ഛായാരേഖകൾ പോഡ്‌കാസ്റ്റ് കവറിലേക്കായി അനുവദിച്ച ഇ .പി . ഉണ്ണിയുടെ സ്നേഹത്താൽ ഉദാരമായ മനസ്സിന് നന്ദി പറയുന്നു. എസ് . ഗോപാലകൃഷ്ണൻ
ഇന്ന് 2025 ജൂൺ 25 .1975 ലെ ജൂൺ മാസത്തിൽ ഇന്നേദിവസമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് .അങ്ങനെയൊരു കടുംകൈ ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യേണ്ട സങ്കീർണ്ണ സാഹചര്യം ഇന്ദിരാഗാന്ധി രാജ്യത്തും പുറത്തും നേരിടുന്നുണ്ടായിരുന്നോ ?'അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : ഒരു പുനരാലോചന'.ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഇറാൻ -ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം .പശ്ചിമേഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അത്യവഗാഹമുള്ള പ്രൊഫസ്സർ എ . കെ . രാമകൃഷ്ണനുമായി ഒരു സംഭാഷണം .
പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്ക്കുന്നു' എന്ന ഗാനം പാകിസ്ഥാനിൽ പാടാൻ കഴിയാത്തതിനാൽ എപ്പോൾ ഇന്ത്യയിൽ പാടാൻ അവസരം കിട്ടിയാലും ഞങ്ങൾ അതുപാടുമായിരുന്നു.'ലോകസംഗീതത്തിലെ രണ്ട് ഉന്നത ശിരസ്സുകൾ , ആ അപൂർവ സഹോദരങ്ങൾ.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .എസ് . ഗോപാലകൃഷ്ണൻ
മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും 'കടൽത്തീരത്ത്' എന്ന കഥ ഒ .വി . വിജയൻ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും അവർ മൂലകൃതികളോട് നീതി പുലർത്തിയില്ല എന്നും എ .ജെ . തോമസ് ഈ സംഭാഷണത്തിൽ അഭിപ്രായപ്പെടുന്നു .
ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെങ്കിൽ പോയി തുലയൂ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌കാസ്റ്റ് അദ്ദേഹത്തിന് സമർപ്പിക്കുന്നു. 'ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ'.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ